---
title: "നഗരത്തിലെ പാർക്കിങ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി കൂടുതൽ പേ പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കി കണ്ണൂർ കോർപ്പറേഷൻ"
english_title: "Parking problems in the city"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19653/Parking problems in the city"
published_at: "2022-01-07T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d81677d2e8e_Screenshot_20220107_160035.jpg"
keywords: []
---

# നഗരത്തിലെ പാർക്കിങ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി കൂടുതൽ പേ പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കി കണ്ണൂർ കോർപ്പറേഷൻ

> **Lead Summary:**  നഗരത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കും പാർക്കിംഗ് പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി കോർപ്പറേഷൻ സഹകരണത്തോടെ സന്നദ്ധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ കൂടുതൽ പേ പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കുന്നു. ഇതിന്റെ ഭാഗമായി താണ -സിറ്റി റോഡിൽ ജുമാമസ്ജിദിന് സമീപം സജ്ജമാക്കിയ പാർക്കിംഗ് കേന്ദ്ര ത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11. 30ന് മേയർ അഡ്വ. ടി ഒ മോഹനൻ നിർവഹിക്കും.

## Article Content

 നഗരത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കും പാർക്കിംഗ് പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി കോർപ്പറേഷൻ സഹകരണത്തോടെ സന്നദ്ധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ കൂടുതൽ പേ പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കുന്നു. ഇതിന്റെ ഭാഗമായി താണ -സിറ്റി റോഡിൽ ജുമാമസ്ജിദിന് സമീപം സജ്ജമാക്കിയ പാർക്കിംഗ് കേന്ദ്ര ത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11. 30ന് മേയർ അഡ്വ. ടി ഒ മോഹനൻ നിർവഹിക്കും.

'പാർക്ക് ൻ ഷുവർ' എന്ന സന്നദ്ധ കൂട്ടായ്മയുടെ സോഫ്റ്റ്‌വെയർ എൻജിനീയർമാരായ ഒ കെ അരുൺജിത്, രാഹുൽ എം, റിയാസ് കെ, കെ കെ നാഫിഹ് എന്നിവരുടെ നേതൃത്വത്തിൽ കോർപ്പറേഷൻ- പോലീസ് -മോട്ടോർ വാഹന വകുപ്പ് എന്നിവരുടെയും സഹകരണത്തോടെ പാർക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുക.

തുടക്കത്തിൽ ഒരു മണിക്കൂർ പാർക്കിങ്ങിന് 10 രൂപ മാത്രമാണ് ഈടാക്കുക. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ 65 സെന്റ് സ്ഥലം താണയിലെ ഒരു സ്വകാര്യ വ്യക്തിയാണ് സൗജന്യമായി അനുവദിച്ചു നൽകിയത്. പ്രത്യേകം തയ്യാറാക്കിയ ആപ്പും വെബ്സൈറ്റും ഉപയോഗിച്ചാണ് പാർക്കിംഗ് നിയന്ത്രിക്കുക.

പാർക്കിംഗ് സംബന്ധിച്ച വിവരങ്ങളും, തുക ഈടാക്കിയ റസീറ്റും വാട്സാപ്പ് വഴി ഉപഭോക്താക്കളുടെ ഫോണിൽ ലഭിക്കും പ്രതിമാസം നിശ്ചിത തുക നൽകി കച്ചവടക്കാർക്കും മറ്റും സ്ഥിരമായി നിശ്ചിത സ്ഥലത്ത് റിസേർവ്ഡ് പാർക്കിംങ്ങിന് ഉള്ള സൗകര്യവും ഉണ്ടാകും. ഇതിനായുള്ള വെബ്സൈറ്റ്, ആപ്പ് എന്നിവയുടെ ലോഞ്ചിംഗ് കോർപറേഷൻ ഓഫീസിൽ വച്ച് മേയർ അഡ്വ. ടി ഒ മോഹനൻ നിർവഹിച്ചു.

ഡെപ്യൂട്ടി മേയർ കെ ഷബീന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ പി ഇന്ദിര, സുരേഷ് ബാബു എളയാവൂർ ട്രാഫിക് സബ് ഇൻസ്പെക്ടർ മാരായ മഹീന്ദ്രൻ കെ പി, ടി വി മനോജ് കുമാർ 'പാർക്ക് ഇൻ ഷുവർ' പ്രതിനിധികളായ ഒ കെ അരുൺ ജിത്ത്, നാഫിഹ് കെ കെ തുടങ്ങിയവർ പങ്കെടുത്തു. ഒരു പുതിയ പാർക്കിംഗ് സംസ്കാരം രൂപപ്പെടുത്തിയെടുക്കുന്നതിന് ആണ് കോർപ്പറേഷൻ പരിശ്രമിക്കുന്നത് എന്നും പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പൂർണ സഹകരണത്തോടെ ഇത് വിജയിപ്പിക്കാൻ സാധിക്കുമെന്നും മേയർ അഡ്വ. ടി ഒ മോഹനൻ പറഞ്ഞു.

നേരത്തെ പേ പാർകിംഗ് കേന്ദ്രങ്ങളായി പ്രഖ്യാപിച്ച സ്ഥലങ്ങൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19653/Parking problems in the city)